Wednesday 31 July 2013

STOP WAR REMEMBER HIROSHIMA

  • മനുഷ്യത്വം വിളയട്ടെ ! 
    അക്ഷര
  • സ്വാതന്ത്ര്യം നമ്മുടെ ജന്മാവകാശമാണ്. മനുഷ്യനായി ജീവിക്കാനുള്ള സ്വാതന്ത്ര്യം. അതിനെന്തെല്ലാം വേണം? ആരോഗ്യകരമായ പരിസരം, കുടിവെള്ളം, ശുദ്ധവായു, വിദ്യാഭ്യാസം, വീട്, തൊഴില്‍, ആവശ്യത്തിനുള്ള ആഹാരം, മരുന്ന്, വസ്ത്രം ഇവയെല്ലാം കൂടിയേ തീരൂ. ഇവ ലഭിക്കാനുള്ള അവകാശമാണ് മനുഷ്യാവകാശം. സമത്വവും സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങള്‍ തന്നെയാണ്. നമുക്ക് അവകാശങ്ങള്‍ മാത്രമല്ല, കടമകളുമുണ്ട്. എന്തെല്ലാം അനീതികളാണ് ചുറ്റും നടക്കുന്നത്! ഒരു നേരത്തെ ആഹാരത്തിനു വകയില്ലാത്ത കോടിക്കണക്കിന് ജനങ്ങള്‍ ലോകത്തുണ്ട്. വീടില്ലാത്തവര്‍, രോഗപീഡയില്‍പെട്ട് നരകിക്കുന്നവര്‍, യുദ്ധത്തിലും ഭരണകൂട ഭീകരതയിലും തീരാദുരിതമനുഭവിക്കുന്നവര്‍....

    മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നവര്‍ ഇങ്ങനെ അനവധി. മനുഷ്യാവകാശലംഘനം മുഖ്യമായും രാജ്യത്തെ സര്‍ക്കാരുകളുടെ ഭാഗത്തുനിന്നാണ് ഉണ്ടാവുന്നത്. കസ്റ്റഡി മരണം മുതല്‍ ഭവനമില്ലായ്മ വരെയുള്ള നിരവധി വിഷയങ്ങളില്‍ ശക്തമായ പൗരാനുകൂല നിലപാട് സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാവണം. അടിസ്ഥാനപരമായി മനുഷ്യാവകാശങ്ങള്‍ അനുവദിക്കേണ്ടത് രാജ്യങ്ങളാണ്. മനുഷ്യാവകാശ പ്രഖ്യാപനത്തിനുശേഷം ലോകമെമ്പാടും ഇതിന് അനുകൂലമായ നിയമനിര്‍മാണങ്ങളും പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. മനുഷ്യാവകാശം എന്ന ആശയത്തിന് മാനവ സംസ്കാരത്തോളം പഴക്കമുണ്ട്. 1215-ല്‍ ഒപ്പുവെച്ച മാഗ്നാകാര്‍ട്ടയാണ് ആധുനിക കാലത്തെ ആദ്യ മനുഷ്യാവകാശ പ്രമാണം. ഇംഗ്ലണ്ടിലെ പ്ലന്റാജനറ്റ്  രാജവംശത്തിലെ ജോണ്‍ രാജാവ് ഒപ്പുവെക്കേണ്ടിവന്ന ഈ രേഖ ഇംഗ്ലീഷുകാരുടെ സ്വാതന്ത്ര്യപ്രമാണം കൂടിയാണ്. ഇംഗ്ലണ്ടിലെ ജനങ്ങളും ഫ്യൂഡല്‍ പ്രഭുക്കന്മാരും വൈദികരും തങ്ങളുടെ മൗലികാവകാശങ്ങള്‍ നേടിയെടുക്കാന്‍ സമര്‍പ്പിച്ച അവകാശപത്രികയില്‍ റണ്ണിമീഡ് എന്ന സ്ഥലത്ത് വെച്ച് ഒപ്പുവെക്കാന്‍ രാജാവ് നിര്‍ബന്ധിതനാവുകയായിരുന്നു. ഇംഗ്ലണ്ടിലെ പാര്‍ലമെന്റ് പിന്നീട് അംഗീകരിച്ച മാഗ്നാകാര്‍ട്ട ജനാധിപത്യ ഭരണക്രമത്തിലേക്കുള്ള ലോകത്തിന്റെ ആദ്യ ചുവടുവയ്പാണ്. 1688-ലെ മഹത്തായ വിപ്ലവത്തിലൂടെ ഇംഗ്ലണ്ടിലെ ജനങ്ങള്‍ ജനാധിപത്യ ഭരണക്രമത്തിനും നിയമവാഴ്ചയ്ക്കും വഴിയൊരുക്കി. 1776 ജൂലൈ നാലിലെ അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനം മനുഷ്യാവകാശ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാണ്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മുദ്രാവാക്യമുയര്‍ത്തിയ ഫ്രഞ്ചുവിപ്ലവമാകട്ടെ മനുഷ്യാവകാശ ചരിത്രത്തില്‍ പുതു അദ്ധ്യായം തീര്‍ത്തു.1789-ല്‍ ഫ്രാന്‍സിലെ ജനപ്രതിനിധിസഭ പ്രഖ്യാപിച്ച മനുഷ്യന്റെ അവകാശങ്ങള്‍ പിന്നീട് ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തു. മനുഷ്യാവകാശം സംബന്ധിച്ച ആദ്യത്തെ ആഗോള രേഖ 1945 ജൂണ്‍ 25-ന് അംഗീകരിച്ച യുഎന്‍ ചാര്‍ട്ടര്‍ ആണ്. 1946-ല്‍ ഐക്യരാഷ്ട്രസംഘടനയുടെ കീഴില്‍ മനുഷ്യാവകാശ കമീഷന്‍ രൂപീകരിച്ചു. 1948 ഡിസംബര്‍ 10-ന് അംഗീകരിച്ച സാര്‍വദേശീയ മനുഷ്യാവകാശ പ്രഖ്യാപനം മനുഷ്യാവകാശ ചരിത്രത്തിലെ പുതുയുഗത്തിന്റെ വിളംബരമായി.

    തീച്ചിറകുള്ള പക്ഷികളെപ്പോലെ പോര്‍വിമാനങ്ങള്‍ വട്ടമിട്ടുപറക്കുകയായിരുന്നു ഗാസാമുനമ്പിന്റെ തലയ്ക്കുമീതെ. ഇസ്രയേലി ആകാശപ്പറവകളെ ഭയപ്പാടോടെ മാത്രമേ ഇവിടുത്തെ കുഞ്ഞുങ്ങള്‍ക്ക് നോക്കിനില്‍ക്കാനാകൂ. മനുഷ്യാവകാശ നിഷേധത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഗാസ. രണ്ടാഴ്ചകൊണ്ട് ശവപ്പറമ്പായി മാറിയ ഗാസാ നഗരത്തില്‍ നിന്നുള്ള ദീനരോദനം നിലച്ചിട്ടില്ല. ഇസ്രയേല്‍ നടത്തിയ കൂട്ടക്കുരുതിയില്‍ നിരവധിപ്പേര്‍ കൊല്ലപ്പെട്ടു. ഗാസ എന്ന കൊച്ചു പ്രദേശത്ത് ഇസ്രയേലിന്റെ പോര്‍വിളികള്‍ക്ക് ഇരയായത് ഭൂരിഭാഗവും ഒരു തെറ്റും ചെയ്യാത്ത പിഞ്ചുകുഞ്ഞുങ്ങളാണ്. ഗാസയില്‍ കൊല്ലപ്പെട്ട 170 പലസ്തീന്‍കാരില്‍ 40 ഓളം നിഷ്കളങ്കരായ കുരുന്നുകള്‍! ആയിരക്കണക്കിനാളുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 1500 കുരുന്നുകളാണ് ഗാസയില്‍ പിടഞ്ഞുമരിച്ചത്! പലസ്തീന്റെ മണ്ണില്‍ ഇസ്രയേലിന്റെ അധിനിവേശം ശാശ്വതമായി ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള അന്തിമയുദ്ധത്തിലാണ് സിയോണിസ്റ്റ് ഭരണകൂടം. "ഓപ്പറേഷന്‍ പില്ലര്‍ ഓഫ് ക്ലൗഡ്" എന്നുപേരിട്ടിരിക്കുന്ന ഇസ്രയേല്‍ സൈനിക നടപടി നവംബര്‍ 14 മുതലാണ് അതിതീവ്രമായ യുദ്ധത്തിലേക്ക് വളര്‍ന്നത്. പിഞ്ചുകുട്ടികളടങ്ങുന്ന സാധാരണ മനുഷ്യരാണ് യുദ്ധത്തിന്റെ ഇരകളായത്. വെറും 25 കിലോമീറ്റര്‍ നീളത്തില്‍ സ്ഥിതിചെയ്യുന്ന, 17 ലക്ഷം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് ഗാസ. പലസ്തീനിലെ മറ്റുപ്രദേശങ്ങളില്‍ നിന്ന് ഇസ്രയേല്‍ സിയോണിസ്റ്റുകള്‍ ബലം പ്രയോഗിച്ച് കോളനികള്‍ സ്ഥാപിച്ചതിനെത്തുടര്‍ന്ന് ആട്ടിയോടിക്കപ്പെട്ടവരാണ് ഇവിടെയുള്ള ജനങ്ങളില്‍ ഏറെയും. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ഈ പട്ടണത്തിലെ നിരപരാധികളാണ് കൊല്ലപ്പെട്ടത്. വീട്ടുമുറ്റത്തും മൈതാനത്തും കളിച്ചുകൊണ്ടിരിക്കുമ്പോഴും വീട്ടില്‍ ഉറങ്ങുമ്പോഴും ഇസ്രയേല്‍ സൈന്യത്തിന്റെ മിസൈലുകള്‍ കുരുന്നുകളുടെ ജീവന്‍ കവരുകയായിരുന്നു.

    ഗാസയില്‍ ജീവിച്ചുപോയെന്ന തെറ്റല്ലാതെ മറ്റൊന്നും ഇവിടുത്തെ കുഞ്ഞുങ്ങള്‍ ചെയ്തിട്ടില്ല. മിസൈല്‍ ആക്രമണത്തിലാണ് നല്ലൊരു ശതമാനവും കൊല ചെയ്യപ്പെട്ടത്. ബുള്‍ഡോസറുകളുമായെത്തുന്ന ഇസ്രയേല്‍ സൈന്യം വീടുകള്‍ അടിച്ചു തകര്‍ത്തു. സ്കൂളിലേക്ക് കണ്ണീര്‍വാതകം പ്രയോഗിച്ചു. പരിക്കേറ്റ നിരവധി കുട്ടികള്‍ ഇപ്പോഴും തീരാവേദനയുമായി ആശുപത്രി കിടക്കയില്‍. പല കുട്ടികളും ഇസ്രയേല്‍ സൈന്യത്തിന്റെ പിടിയിലുമായി. ഇസ്രയേല്‍ യുദ്ധവിമാനങ്ങളും പൈലറ്റില്ലാത്ത ഡ്രോണുകളും താണുപറന്ന് നഗരത്തില്‍ വരുത്തിയ നാശവും ചെറുതല്ല. പാടത്ത് പണിയെടുക്കുന്നവരും വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരും എല്ലാം മിസൈലുകള്‍ക്കിരയായി. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 1500 കുട്ടികള്‍ ഗാസയില്‍ മരിച്ചുവീണു. 2009 ജനുവരിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ രണ്ടായിരത്തോളം പേരാണ് പലസ്തീനില്‍ മരിച്ചുവീണത്. ഇതിലും നല്ലൊരു ശതമാനം കുട്ടികള്‍. അമ്മമാരും കുഞ്ഞുങ്ങളും ഇവിടെ അനുഭവിക്കുന്ന ദുരിതങ്ങള്‍ പലതാണ്. സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ കഴിയുന്നതിനാല്‍ ഗര്‍ഭിണികള്‍ക്കിടയില്‍ ഗുരുതരമായ പ്രശ്നങ്ങളുണ്ടാകുന്നു. മാസം തികയാതെയുള്ള പ്രസവം, നവജാതശിശു മരണനിരക്കില്‍ വര്‍ധന, രോഗങ്ങളും വൈകല്യങ്ങളുമായുള്ള ജനം തുടങ്ങിയ സങ്കീര്‍ണതകള്‍ വര്‍ധിച്ചു. വെടിമരുന്നിന്റെ ഗന്ധവും സ്ഫോടനങ്ങളും നിറഞ്ഞ അന്തരീക്ഷത്തില്‍ കഴിയുന്ന ഗാസയിലെ കുട്ടികളില്‍ 75 ശതമാനം പേര്‍ക്കും ശാരീരിക-മാനസികപ്രശ്നങ്ങള്‍ ഉണ്ടാകുന്നു. ഗര്‍ഭിണികളില്‍ 40 ശതമാനത്തിനും പോഷകാഹാരക്കുറവു മൂലമുള്ള വിളര്‍ച്ചയുണ്ട്. അമ്മമാരില്‍ ഈ നിരക്ക് 50 ശതമാനമാണ്. അഞ്ച് വര്‍ഷമായി ഗാസ ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിലാണ്. ഗാസയില്‍ അധികാരത്തിലിരിക്കുന്ന ഹമാസിലെ "ഭീകരരെ" മാത്രമാണ് തങ്ങള്‍ ആക്രമിക്കുന്നത് എന്നാണ് ഇസ്രയേല്‍ പറയുന്നത്. എന്നാല്‍ ഒരു വയസ്സുപോലും തികയാത്ത കുഞ്ഞുങ്ങളും ഗര്‍ഭിണികളും കൊല്ലപ്പെട്ടവരിലുണ്ട്. ലോകം മുഴുവന്‍ പ്രതിഷേധിച്ചിട്ടും ആക്രമണം അവസാനിപ്പിക്കാന്‍ ഇസ്രയേല്‍ സന്നദ്ധമായിട്ടില്ല. ഇക്കാര്യത്തില്‍ അവര്‍ക്ക് അമേരിക്കയുടെ പിന്തുണയുണ്ട്.

    കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഇവിടെ അരങ്ങേറുന്നത്. ആവശ്യത്തിന് ഭക്ഷണമില്ല. ആശുപത്രികളില്‍ മരുന്നും മറ്റു സൗകര്യങ്ങളുമില്ല. പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കാനാവുന്നില്ല. ഗാസയിലെ 17 ലക്ഷം പലസ്തീന്‍കാരാണ് ഇങ്ങനെ നരക യാതന അനുഭവിക്കുന്നത്. എല്ലാ മനുഷ്യരും സ്വതന്ത്രരായി ജനിക്കുന്നു. അവകാശങ്ങളും മര്യാദയും ലഭിക്കേണ്ട കാര്യത്തില്‍ അവരെല്ലാം തുല്യരാണ്. മനുഷ്യാവകാശം സംബന്ധിച്ച ആഗോളപ്രഖ്യാപനത്തിലെ ആര്‍ട്ടിക്കിള്‍ ഒന്ന് ഇങ്ങനെ പറയുന്നു. യുഎന്‍ ചാര്‍ട്ടറും ജനീവ കണ്‍വന്‍ഷനും നോക്കുകുത്തിയാകുന്ന ഗാസാമുനമ്പിന്റെ കാര്യത്തില്‍ മേല്‍പ്പറഞ്ഞ വ്യവസ്ഥ തീര്‍ത്തും നിരര്‍ഥകം. അന്താരാഷ്ട്രനിയമങ്ങളും മനുഷ്യാവകാശപ്രഖ്യാപനങ്ങളും അവര്‍ക്കു വേണ്ടിയുള്ളതല്ല.




No comments:

Post a Comment